പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: ചെർപ്പുളശേരി സ്വദേശികളായ ദന്പതിമാരുടെ ഒരു വയസും മൂന്നുമാസവും പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ വിസിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ മേധാവി ഡോക്ടർ ദിപുവും സംഘവും ബ്രോങ്കോസ്കോപ്പി സംവിധാനത്തിലൂടെ നീക്കം ചെയ്തു. ഒരു മാസത്തിലധികമായി വിവിധഘട്ടത്തിൽ ശ്വാസതടസം നേരിട്ട കുട്ടിയെ പല ആശുപത്രികളിലായി ചികിത്സ ലഭ്യമാക്കിയിരുന്നു.
പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ സിടി സ്കാൻ പരിശോധനയിൽ കുട്ടിയുടെ ഇടത് ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തിൽ കാര്യമായി തടസം ഉള്ളതായും ശ്വാസകോശത്തിൽ അവ്യക്തമായ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതും കണ്ടെത്തി.
തുടർന്ന് ഇന്റർവെൻഷനിൽ പൾമോണോളജിസ്റ്റ് ഡോ. നിമിഷ, അനസ്തേഷ്യ വിഭാഗം കണ്‍സൾട്ടന്റ് ഡോ. സുധാകർ എന്നിവരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി സംവിധാനത്തിലൂടെ കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന പാവയുടെ വിസിൽ നീക്കം ചെയ്യുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. റേഡിയോളജിസ്റ്റ് ഡോ. ഷൈൻ സെബാസ്റ്റ്യൻ, പീഡിയാട്രിക് റെസിഡൻസ് ഡോ. അനീഷ്, ഡോ. അജ്മി എന്നിവരും പങ്കാളികളായി.