വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
രാമപുരം: മലയാള ഭാഷയുടെ തറവാട്ടുകാരായ എഴുത്തച്ഛൻ കുടുംബത്തിലെ കാരണവൻമാർ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ രാമപുരം എഎച്ച്എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് തുടക്കമായി.
സ്കൂളിന്റെ പൂർവപ്രധാനാധ്യാപകനും സ്ഥാപനത്തിന്റെ വളർച്ചയിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നിർണായക പങ്കുവഹിച്ച എഴുത്തച്ഛൻ കുടുംബത്തിലെ അംഗവുമായ വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനായി എത്തിയത് വേറിട്ട കാഴ്ചയായി. അധ്യാപന ജീവിതത്തിലെ പഴമകളും പുതുമകളും സ്കൂളിലെ ഓർമകളും വിദ്യാർഥികളുമായുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
നൂറ്റാണ്ടുകൾക്ക് മുന്പ് മലയാള അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്ന അക്ഷരക്കളരിയായാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് എൽപി സ്കൂളായി വളർന്ന് ഇന്ന് നൂറ്റിയാറ് വർഷങ്ങളുടെ പാരന്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമായി മാറി.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കുടുംബപാരന്പര്യത്തിൽപ്പെട്ട എഴുത്തച്ഛൻ സമുദായത്തിലെ കാരണവൻമാർ സ്ഥാപിച്ച ഈ വിദ്യാലയം മലയാള ഭാഷയുടെയും വിദ്യാഭ്യാസ ചരിത്രത്തിന്റെയും അപൂർവ സ്മാരകങ്ങളിലൊന്നായാണ് വള്ളുവനാടിന്റെ ചരിത്രത്തിൽ കണക്കാക്കപ്പെടുന്നത്. ഈ പാരന്പര്യത്തിന്റെ തുടർച്ചയായി സ്കൂളിന്റെ നൂറാം വാർഷികം വരെയും എഴുത്തച്ഛൻ കുടുംബപാരന്പര്യത്തിൽപ്പെട്ട മുണ്ടേക്കാട്ടിൽ വേണുഗോപാലൻ മാസ്റ്ററെന്ന വേണു മാഷാണ് പ്രധാനാധ്യാപകനായി സ്ഥാപനത്തിന് നേതൃത്വം നൽകിയത്.
ചെറുപ്രായത്തിൽതന്നെ ഈ സ്കൂളിന്റെ പ്രധാനാധ്യാപകനായ അദ്ദേഹം 35 വർഷത്തോളം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു. സ്കൂളുമായുള്ള ആത്മബന്ധം മാനിച്ചാണ് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടകനായി വേണുഗോപാലൻ മാസ്റ്ററെ സ്കൂൾ അധികൃതർ ക്ഷണിച്ചത്.