അയ്യന്തോളിലെ കുട്ടികളുടെ പാർക്കിൽ ചത്തുവീണ പക്ഷികളെ കുഴിച്ചുമൂടാൻ കൊണ്ടുപോകുന്നു.
തൃശൂർ: ജില്ലാ ഭരണസിരാകേന്ദ്രമായ അയ്യന്തോൾ കളക്ടറേറ്റ് വളപ്പിലും സമീപത്തെ കുട്ടികളുടെ പാർക്കിലും പക്ഷിശല്യവും അജ്ഞാത രോഗഭീതിയും അതിരൂക്ഷമാകുന്നു. പ്രതിദിനം നൂറുകണക്കിനു പക്ഷികളാണ് ഫുട്പാത്തിലും പാർക്കിലും കൂട്ടത്തോടെ ചത്തുവീഴുന്നത്. പക്ഷിക്കുഞ്ഞുങ്ങൾ മുതൽ പൂർണവളർച്ചയെത്തിയവ വരെ ഇത്തരത്തിൽ ചത്തൊടുങ്ങുന്നത് ഇതാദ്യമാണ്. ആരോഗ്യവിദഗ്ധർ അടിയന്തരമായി ഇടപെട്ട് കാരണം കണ്ടെത്തിയില്ലെങ്കിൽ കളക്ടറേറ്റിലെത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം ഗുരുതരമായ ഭീഷണിയിലാകും.
നാറുന്ന ഫുട്പാത്ത്; ജനങ്ങൾ വലയുന്നു
പരിസരമാകെ പക്ഷികളുടെ ജഡങ്ങളും കാഷ്ടവും നിറഞ്ഞ് അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഫുട്പാത്തിലെ ചുവന്ന ടൈലുകൾ മുഴുവൻ കാഷ്ടം വീണ് വെള്ളനിറമായി. കാറ്റിൽ പരക്കുന്ന കാഷ്ടത്തിന്റെ പൊടികൾ ശ്വസിക്കുന്നതുവഴി ശ്വാസകോശ അസുഖങ്ങളും പകർച്ചവ്യാധികളും ഉണ്ടാകാൻ ഇടയുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
മടുത്ത് ശുചീകരണ തൊഴിലാളികൾ
കുട്ടികളുടെ പാർക്കിലും ഫുട്പാത്തിലും ചത്തുവീഴുന്ന പക്ഷികളുടെ ജഡങ്ങൾ ട്രോളിയിൽ കൊണ്ടുപോയി കുഴിച്ചുമൂടുന്നത് ശുചീകരണ തൊഴിലാളികൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പാർക്കിലെ ജീവനക്കാരും കോർപറേഷൻ ശുചീകരണ തൊഴിലാളികളും ഇവ നീക്കംചെയ്ത് വലയുന്നു.
ആശങ്ക ആസകലം
കളക്ടറേറ്റിലും കോടതികളിലും മറ്റ് സർക്കാർ ഓഫിസുകളിലുമെത്തുന്ന പൊതുജനങ്ങൾ, പരിസരത്തെ കച്ചവടക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, അഭിഭാഷകർ, വെസ്റ്റ് സ്റ്റേഷനിലെ പൊലിസുകാർ, കുട്ടികൾ അടക്കമുള്ള പാർക്ക് സന്ദർശകർ എന്നിവരെല്ലാം വലിയ ദുരിതത്തിലും രോഗഭീതിയിലുമാണ്. സീസണുകളിൽ ഇവിടെ മരങ്ങളിൽ പക്ഷികൾ കൂടുകൂട്ടാറുണ്ടെങ്കിലും, ഇത്തരത്തിൽ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇതാദ്യമായാണ്.
ശാശ്വതപരിഹാരം വേണം: ജയിംസ് മുട്ടിക്കൽ
ഈ വിഷയത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ അടിയന്തരമായി പഠനം നടത്തി ശാസ്ത്രീയ പരിഹാരം കാണണമെന്നും സാധാരണക്കാരുടെ ദുരിതം മാറ്റണമെന്നും അയ്യന്തോൾ ജനകീയസമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജില്ലാ കളക്ടർക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
Tags :