അങ്കമാലി: പ്രമുഖ കലാലയമായ അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (ഡിസ്റ്റ് ) യുജിസി സ്വയംഭരണ പദവി ലഭിച്ചു. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിസ്റ്റിന് സ്ഥാപനത്തിന്റെ 25-ാം വാർഷിക വേളയിലാണ് ഈ അഭിമാന നേട്ടം കൈവന്നിരിക്കുന്നത്. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ ഗ്രേഡ് അക്രഡിറ്റേഷൻ നിലവിലുള്ള സ്ഥാപനത്തിന് അടുത്ത 10 വർഷത്തേക്കാണ് യുജിസി സ്വയംഭരണാവകാശം അനുവദിച്ചിരിക്കുന്നത്.
നിലവിൽ ഒൻപത് ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തര കോഴ്സുകളുമാണ് ഡിസ്റ്റിലുള്ളത്. സ്വയംഭരണ പദവി ലഭ്യമായതോടെ കാലഘട്ടത്തിന്റെയും വ്യവസായ മേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാനും പുതിയ കോഴ്സുകൾ ആരംഭിക്കാനും കൃത്യസമയത്ത് പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കാനും കോളജിന് ഇനി സ്വതന്ത്രമായി സാധിക്കും. വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തതിന് വലിയ ഊർജം നൽകുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.