വാഷിംഗ്ടൺ ഡിസി: യുഎസിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനിയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രാജിത സബിനേനിയെ (27) വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം.
ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.
ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി. സംഭവം നടക്കുമ്പോൾ ഇയാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്റെ മൊഴി.
എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു.
വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി.
ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും കാമുകിക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു. അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി.
അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ രുചിയുണ്ടെന്ന് രാജിത പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.