ഓക്ലൻഡ്: പുരുഷ ടി20 ക്രിക്കറ്റിൽ അപൂർവ റിക്കാർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ടി20 ക്രിക്കറ്റിൽ 3,000 റൺസും 300 വിക്കറ്റും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അക്സർ സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഫിൻ അലനെ പുറത്താക്കിയതോടെയാണ് താരം ഈ ചരിത്രനേട്ടത്തിലെത്തിയത്.
റഷീദ് ഖാൻ, സുനിൽ നരെയ്ൻ, ഡ്വെയ്ൻ ബ്രാവോ, ആന്ദ്രെ റസൽ, ഷാക്കിബ് അൽ ഹസൻ, ഷാഹിദ് അഫ്രീദി, കീറോൺ പൊള്ളാർഡ്, സാം കറൻ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ടി20 കരിയറിൽ ഇതുവരെ 345 മത്സരങ്ങൾ കളിച്ച അക്സർ 21.94 ശരാശരിയിലും 134.43 സ്ട്രൈക്ക് റേറ്റിലും 3,818 റൺസ് നേടിയിട്ടുണ്ട്.
ഒമ്പത് അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ബൗളിങ്ങിൽ 300 വിക്കറ്റുകളും സ്വന്തമാക്കി. ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ഓക്ലൻഡിലെ മത്സരത്തിൽ അക്സറിന് ബൗളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മൂന്ന് ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.