ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക രേഖകളും പരസ്യമാക്കണമെന്ന് കോൺഗ്രസ്. ക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, സാമ്പത്തികകാര്യങ്ങൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പരിശോധിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
മുൻ അക്കൗണ്ട്സ് ഓഫിസർ മഹിപാൽ സിംഗ് ക്രമക്കേടുകളെക്കുറിച്ച് ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായി, ഗോപാൽ റാവു എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടും അവഗണിച്ചുവെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. ട്രസ്റ്റ് ഓഫീസിലെ ജോലികൾക്കായി 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി നിർമാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്ന എൻജിനിയർ ദീനനാഥ് വർമ ആരോപിച്ചതിനു പിന്നാലെ അദ്ദേഹത്തെ മാറ്റുകയായിരുന്നു.
ഈ സംഭവങ്ങളിൽ തെളിവുണ്ടായിട്ടും ട്രസ്റ്റ് ഭാരവാഹികളെ പ്രതികളാക്കുന്നതിനുപകരം സാക്ഷികളാക്കി മാറ്റിയത് എങ്ങനെയെന്നും ജയ്റാം രമേശ് ചോദിച്ചു. സംശയനിഴലിലുള്ള ആളുകൾക്ക് ആർഎസ്എസ്, ബിജെപി, വിഎച്ച്പി ബന്ധമുണ്ടെന്നും അറസ്റ്റിലായ ജീവനക്കാരിൽ മാത്രം അന്വേഷണം ഒതുക്കാതെ നിർമാണം, നടത്തിപ്പ്, സാമ്പത്തിക കൈകാര്യം എന്നിവയിൽ ഉത്തരവാദികളായ എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.