തിരുവനന്തപുരം: ആയുർവേദത്തിന്റെ ചികിത്സാ സാധ്യതകളും കേരളത്തിന്റെ തനതായ പാരമ്പര്യവും ജനങ്ങളിലേക്കു കൂടുതൽ ഫലപ്രദമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ (എഎച്ച്എംഎ) സംഘടിപ്പിക്കുന്ന ‘ആയുർസഭ’ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഇന്ന് നിയമസഭാ മന്ദിരത്തിൽ നടക്കും.
രാവിലെ എട്ടിന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നേത്രരോഗം, മർമചികിത്സ, ത്വക്രോഗം, ജനറൽ മെഡിസിൻ, പ്രമേഹചികിത്സ, ജീവിതശൈലിരോഗങ്ങൾ, സ്ത്രീരോഗം, സ്പോർട്സ് മെഡിസിൻ, സ്വസ്ഥവൃത്തം, ദഹനസംബന്ധമായ രോഗങ്ങൾ തുടങ്ങി പത്തു വിഭാഗങ്ങളിലായി ആയുർവേദ സ്പെഷ്യാലിറ്റി സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കും.
ആയുർസഭയുടെ ഭാഗമായി എഎച്ച്എംഎയുടെ വിവിധ ആരോഗ്യ-ജനക്ഷേമ പദ്ധതികളും ക്യാമ്പിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിടുന്ന ‘ആയുഷ്മാൻ ഭവ’ പദ്ധതിയിലൂടെ നൂറ് ആശുപത്രികളെ ഉൾപ്പെടുത്തി പ്രതിമാസ ആരോഗ്യപരിശോധന, ആയുഷ് ആരോഗ്യ-യോഗ പരിശീലനം, വിനോദപരിപാടികൾ, ഹോം കെയർ സേവനങ്ങൾ എന്നിവ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സൈനികരുടെയും നാവികസേനാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം മുൻനിർത്തിയുള്ള ‘സൈനികമിത്രം’ പദ്ധതിയുടെ ആറാം സീസണും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.