പത്തനംതിട്ട: കെടുകാര്യസ്ഥതയുടെ സങ്കേതമായി ശബരിമല മാറിയെന്നും മണ്ഡല മകരവിളക്ക് ഉത്സവം കാര്യക്ഷമമായി നടത്താൻ നിലവിലുള്ള ഭരണസമിതിക്കു സാധിക്കുകയില്ലെന്ന് ബോധ്യപ്പെട്ടതായി ശബരിമല ശ്രീ അയ്യപ്പധർമ പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നത്തെ ബോർഡ് ഭരണം ഏറ്റതിനുശേഷം ശബരിമലയിൽ നടന്നിട്ടുള്ള കെടുകാര്യസ്ഥതയും കൊള്ളയും ഭരണകാരികളുടെ കഴിവുകേടാണ് സൂചിപ്പിക്കുന്നത് . മണ്ഡല-മകരവിളക്ക് ഭക്തജനങ്ങളുടെ താത്പര്യത്തിനനുസരിച്ച് നടക്കാൻ സർക്കാരും ഹൈക്കോടതിയും അടിയന്തരമായി ഇടപെട്ട് ഒരു ഉന്നതാധികാരസമിതിയെ നിയോഗിക്കണം. വിവിധ സന്നദ്ധസംഘടനകളും ഭക്തജനസമിതികളും നൽകിവന്നിരുന്ന അന്നദാനം നിർത്തലാക്കിയത് ഉദ്യോഗസ്ഥന്മാരുടെയും ഭരണാധികാരികളുടെയും അഴിമതി നടത്താനുള്ള അവസരത്തിനു വേണ്ടിയാണ്. മരാമത്ത് വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനമാണ് പമ്പയിലും ശബരിമലയിലും നടക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ശബരിമലയിലും പമ്പയിലും നടന്നിട്ടുള്ള പ്രവർത്തനങ്ങൾ ഭക്തജനങ്ങളെ വേദനിപ്പിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമായി 100 സേവനകേന്ദ്രങ്ങൾക്ക് ധർമ പരിഷത്ത് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആംബുലൻസ് സർവീസുകൾ, അയ്യപ്പക്ഷേത്രങ്ങളുമായി സഹകരിച്ച് ധർമപരിഷത്ത് സേവനപ്രവർത്ത സുകൾ, മെഡിക്കൽ സഹായകേന്ദ്രവും, കോമ്പത്തൂർ കെജി ഹോസ്പിറ്റലു മായി സഹകരിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. ശബരിമലയിൽ വിജിലൻസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ചീഫ് കോ-ഓർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ളയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.