നെടുങ്കണ്ടം: മണ്ഡലകാലത്തോടനുബന്ധിച്ച് കമ്പംമെട്ടിൽ അയ്യപ്പഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നടപടികൾ അവസാനഘട്ടത്തിൽ. ആവശ്യമെങ്കിൽ ഇടത്താവളത്തിന് പുറമേ സമീപത്തെ മറ്റു കെട്ടിടങ്ങളിലും തീർഥാടകർക്കായി സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന തീർഥാടകരുടെ ആദ്യ ഇടത്താവളമാണ് കമ്പംമെട്ട്.
തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കമ്പം വഴിയെത്തുന്ന തീർഥാടകർ കമ്പംമെട്ട്-കട്ടപ്പന-കുട്ടിക്കാനം വഴിയാണ് ശബരിമലയിലേക്ക് പോകുന്നത്. മടക്കയാത്ര കുമളി വഴിയാക്കണമെന്നാണ് നിർദേശം. തീർഥാടകരുടെ തിരക്കിനെത്തുടർന്ന് കുമളി വഴിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് വൺവേ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
കമ്പംമെട്ടിലെ ഇടത്താവളത്തിൽ എത്തുന്ന തീർഥാടകർക്ക് ടൗണിനു സമീപത്തെ ഹാളിൽ വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടത്താവളത്തിലെ ശുചിമുറികൾ നവീകരിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് അവസാനഘട്ടത്തിലുള്ളത്.
കമ്പംമെട്ട് വഴി കൂടുതൽ തീർഥാടകർ എത്തുന്ന സാഹചര്യമുണ്ടായാൽ സമീപത്തെ നിലവിൽ പ്രവർത്തിക്കാത്ത സ്കൂൾ കെട്ടിടത്തിലും മത-സാമുദായിക സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും അധിക സൗകര്യങ്ങൾ ഒരുക്കും. സേനാപതി വേണു എംഎൽഎ, സബ് കളക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്നൊരുക്കങ്ങൾ വിലയിരുത്തി.