തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്സിലേക്കു പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ഫാർമസി/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം ആർക്കിടെക്ചർ കോഴ്സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്സിന് അപേക്ഷിക്കാം. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും കീം 2026-ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും 18ന് ഉച്ചയ്ക്ക് 12വരെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. (കീം 2026 മുഖേന നേരത്തെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷകളൊന്നും സമർപ്പിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്ക് മാത്രം. നേരത്തെ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിച്ചാൽ പുതിയ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.)
പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ആർക്കിടെക്ചർ കോഴ്സ് തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം. ഇതിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2026-Online Application’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, രജിസ്ട്രേഷൻ നടത്തി പ്രോസ്പെക്ടസ് ക്ലോസ് 7.4 ൽ പ്രതിപാദിക്കുന്ന പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന അക്നോളജ്മെന്റ് പേജിന്റെ പ്രിന്റൗട്ട് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.
*നേരത്തെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ ആർക്കിടെക്ചർ കോഴ്സ് കൂട്ടിച്ചേർക്കുന്നതിന്. (കീം-2026 മുഖേന ഏതെങ്കിലും കോഴ്സുകൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിനോടകം അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രം) ഇതിനായി മേൽ വെബ്സൈറ്റിലെ ‘KEAM 2026-Candidate Portal’എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പറും, പാസ്വേഡും നൽകി വിദ്യാർഥികൾ അവരുടെ ഹോം പേജിൽ പ്രവേശിക്കണം. അതിനുശേഷം ‘Add course’ എന്ന മെനു ക്ലിക്ക് ചെയ്ത് ആർക്കിടെക്ചർ കോഴ്സ് കൂട്ടിച്ചേർക്കാം. ഇതിനായി പുതിയ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.
പുതുതായി സമർപ്പിക്കുന്ന അപേക്ഷകർക്കുള്ള അപേക്ഷാ ഫീസ്/അധിക അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കണം.