കോട്ടയം: സപ്തതിയുടെ നിറവില്‍ മികവിന്റെ കേന്ദ്രമായി പ്രശോഭിക്കുന്ന ബിഷപ് ചൂളപ്പറന്പിൽ മെമ്മോറിയൽ കോളജിന് (ബിസിഎം) ഒട്ടോണമസ് പദവി. കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബിസിഎം കോളജിന് യുജിസി അനുവദിച്ച ഒട്ടോണമസ് പദവിയുടെ പ്രഖ്യാപനം കോട്ടയം ആർച്ച്ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു.
സ്വതന്ത്രമായി നൂതനമായ പ്രോഗ്രാമുകളും കോഴ്സുകളും രൂപപ്പെടുത്താനും സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന മികച്ച പഠനാനുഭവം ഉറപ്പാക്കാനും ഓട്ടോണമസ് പദവി ഉപകരിക്കുമെന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീശക്തീകരണം എന്ന ലക്ഷ്യത്തില്‍ ഏഴ് പതിറ്റാണ്ട് മുമ്പ് അക്ഷരനഗരിയില്‍ ആരംഭിച്ച ബിസിഎം കോളജിന്റെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരങ്ങളില്‍ എത്തിക്കാനുള്ള ഒരു വലിയ ചുവടുവയ്പാണ് ഒട്ടോണമസ് പദവി എന്നും അദ്ദേഹം വ്യക്തമാക്കി.
◄ഉന്നത അക്കാദമിക് നിലവാരം►
കോളജിന്റെ ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാര്‍ന്ന മികച്ച വിജയ ശതമാനം യൂണിവേഴ്സിറ്റി റാങ്കുകള്‍, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍, കലാ-കായിക രംഗത്തെ മികവ്, പൊതുസമൂഹത്തിന് നല്കുന്ന സേവനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് യുജിസി ഒട്ടോണമസ് പദവി നല്‍കിയത്. കോട്ടയം അതിരൂപത മാനേജ്മെന്റിന് കീഴില്‍ 1955ല്‍ സ്ഥാപിതമായ ബിസിഎം കോളജ് ആയിരക്കണക്കിന് പ്രഗത്ഭരായ വിദ്യാര്ഥികളോയാണ് വാർത്തെടുത്തി ട്ടുള്ളത്.
◄നാക്ക് അക്രിഡറ്റേഷനില്‍ എ+ ഗ്രേഡ്►
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന വിവിധ ഏജന്‍സികളില്‍ നിന്ന് കോളജിന് മികച്ച റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. നാക്ക് അക്രിഡറ്റേഷനില്‍ എ+ ഗ്രേഡ് കരസ്ഥമാക്കിയ ബിസിഎമ്മിന് കിര്‍ഫ് റാങ്കിംഗില്‍ വനിതാ കോളജുകളില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനവും എംജി യൂണിവേഴ്സിറ്റിയില്‍ രണ്ടാം സ്ഥാനവുമാണുള്ളത്
കോളജില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി, വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, വിവിധ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉയര്‍ന്ന റേറ്റിംഗിന് സഹായിച്ചിട്ടുണ്ട്.
◄സിവില്‍ സര്‍വീസ് പരിശീലനം►
സര്‍ക്കാര്‍ സര്‍വീസിലേക്ക് പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ലീഡ് ഐഎഎസ് അക്കാഡമിയുമായി സഹകരിച്ച് വനിതകള്‍ക്കായി മാത്രം സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റെസിഡന്‍ഷ്യല്‍ സിവില്‍ സര്‍വീസ് അക്കാദമി, പിഎസ്സി, എസ്എസ്സി, ബാങ്ക് റെസിഡന്‍ഷ്യല്‍ കോച്ചിംഗ്, ഡിഫന്‍സ് സര്‍വീസിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനായി ബിസിഎം അക്കാദമി ഫോര്‍ ഡിഫന്‍സ് ആസ്പിരന്റ്സ്, കോര്‍പറേറ്റ് മേഖലയില്‍ ജോലി ഉറപ്പാക്കുന്ന തരത്തിലുള്ള സിഎ, സിഎംഎ, എസിസിഎ പോലുള്ള പ്രഫഷണല്‍ കോഴ്സുകളുടെ പരിശീലനം, സ്പോര്‍ട്സില്‍ കുട്ടികളെ മികവുറ്റവരാക്കാന്‍ കബഡി അക്കാദമി, നൂതന സാങ്കേതികവിദ്യ അക്കാദമിക് തലത്തില്‍ സംയോജിപ്പിച്ചുകൊണ്ട് റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍, വിദേശ ഭാഷകള്‍ പഠിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഫോറിന് ലാംഗ്വേജസ് തുടങ്ങിയവയുമുണ്ട്.
◄ബാക്ക് ടു കാമ്പസ്►
വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ട്വിന്നിംഗ്, ഡ്യുവല്‍ ഡിഗ്രി, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍, വര്‍ക്കിംഗ് വിമന്‍സിന് കരിയര്‍ എന്‍ഹാന്‍സ്മെന്റിനും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കുവേണ്ടി ഈവനിംഗ് അക്കാദമിയുടെ കീഴില്‍ ബാക്ക് ടു കാമ്പസ് തുടങ്ങിയ അക്ക ഡേമിക് പ്രവർത്തനങ്ങളുമുണ്ട്.
അഡ്മിഷന് അടക്കം കോളജ് സംബന്ധമായ എല്ലാ കാര്യങ്ങളും ഉള്‍കൊള്ളുന്ന പരിഷ്കരിച്ച കോളജ് വെബ്സൈറ്റിന്റെ ഉദ്ഘാടനം ഒട്ടോണമസ് പദവിയുടെ പ്രഖ്യാപനം നടന്ന ചടങ്ങിൽവച്ച് ഫാ. ഏബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും കഠിനാധ്വാനവും കൂട്ടായ്മയുമാണ് ഈ നേട്ടത്തിന് അടിസ്ഥാനമെന്ന് കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഡോ. കെ.വി. തോമസ് ചൂണ്ടിക്കാട്ടി. ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര പ്രസംഗിച്ചു.