കോട്ടയം: സപ്തതിയുടെ നിറവില്‍ ബിസിഎം കോളജിനു ലഭിച്ച സ്വയംഭരണപദവിയുടെ ഉദ്ഘാടനം ഒമ്പതിനു രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
കോട്ടയം ആര്‍ച്ച്ബിഷപ്പും കോളജ് പേട്രണുമായ മാര്‍ മാത്യു മൂലക്കാട്ട്, നിയമസഭാസ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, അതിരൂപത സഹായ മെത്രാനും ഗവേണിംഗ് ബോഡി ചെയര്‍മാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍, സഹായ മെത്രാന് മാര്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപത വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമുട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, മുന്‍മന്ത്രി വി.എന്‍. വാസവന്, സിന്‍ഡിക്കറ്റ് അംഗം റെജി സക്കറിയ, കെ. അനില്‍കുമാര്‍, കോളജ് മാനേജ്മെന്റ് ബോഡി അംഗങ്ങള്‍, ഗവേണിംഗ് ബോഡി അംഗങ്ങള്‍, പൂര്‍വാധ്യാപകര്‍, സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധിയാളുകള്‍ പങ്കെടുക്കും.
കോളജിന്റെ ഉന്നത അക്കാദമിക നിലവാരം, സ്ഥിരതയാര്‍ന്ന മികച്ച വിജയശതമാനം, യൂണിവേഴ്സിറ്റി റാങ്കുകള്‍, ശാന്തമായ പഠനാന്തരീക്ഷം, സൗകര്യങ്ങളുടെ അടിസ്ഥാന പുരോഗതി, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങള്‍, കലാകായികരംഗത്തെ മികവ്, പൊതുസമൂഹത്തിനു നല്കുന്ന സേവനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് യുജിസി ഓട്ടോണമസ് പദവി നല്‍കിയത്.
സ്വതന്ത്രമായി പുതിയ പ്രോഗ്രാമുകളും കോഴ്സുകളും രൂപപ്പെടുത്തുന്നതിനും പരീക്ഷ-മൂല്യനിര്‍ണയ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന മികച്ച പഠനാനുഭവം ഉറപ്പാക്കുന്നതിനും ഓട്ടോണമസ് പദവി ഉപകരിക്കും. കോട്ടയം അതിരൂപത മാനേജ്മെന്റിനു കീഴില്‍ 1955ലാണ് കോളജ് സ്ഥാപിച്ചത്.
നാക് അക്രെഡിറ്റേഷനില്‍ എ പ്ലസ് ഗ്രേഡ് നേടിയ കോളജിനു കിര്‍ഫ് റാങ്കിംഗില്‍ വനിതാ കോളജുകളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും എംജി യൂണിവേഴ്സിറ്റിയില്‍ രണ്ടാം സ്ഥാനവുമുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യപദ്ധതിയും അതുവഴി വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് വിദേശത്ത് മാസ്റ്റേഴ്സ് പഠനം നടത്താനുള്ള അവസരം, ഒരേ സമയം രണ്ടു ബിരുദത്തിനുള്ള അവസരം, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള സിലബസ്, പിഎസ്സി, എസ്എസ്സി, ബാങ്ക് റസിഡന്‍ഷ്യല്‍ കോച്ചിംഗ്, വിദേശ സര്‍വകലാശാലകളിലെയും വ്യവസായ മേഖലകളിലെയും വിദഗ്ധരുമായി ആശയവിനിമയം നടത്തി തയാറാക്കുന്ന ഫ്യൂച്ചറിസ്റ്റിക്കായ സ്പെഷലൈസേഷനുകള്, സര്‍ക്കാര്‍ സര്‍വീസിലേക്ക് പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ഐഎഎസ് അക്കാദമിയുമായി സഹകരിച്ച് വനിതകള്‍ക്കായി മാത്രം സംസ്ഥാനത്ത് ആരംഭിച്ച ആദ്യ റസിഡന്‍ഷ്യല്‍ സിവില്‍ സര്‍വീസ് അക്കാദമി, ഡിഫന്‍സ് സര്‍വീസിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനായി ബിസിഎം അക്കാദമി ഫോര്‍ ഡിഫന്‍സ് ആസ്പിരന്സ്, സിഎ, സിഎംഎ, എസിസിഎ, സിപിഎ പോലുള്ള പ്രഫഷണല്‍ കോഴ്സുകളുടെ പരിശീലനം, സ്പോര്‍ട്സില്‍ കുട്ടികളെ മികവുറ്റവരാക്കാന്‍ ബിസിഎം കബഡി അക്കാദമി, വിദേശഭാഷകള്‍ നൂതനസാങ്കേതികവിദ്യ അക്കാദമിക തലത്തില്‍ സംയോജിപ്പിച്ചു റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍ പഠിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഫോറിന് ലാംഗ്വേജസ്, ഉദ്യോഗസ്ഥരായ സ്ത്രീള്‍ക്കും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും ബിസിഎം ഈവനിംഗ് അക്കാദമിയുടെ കീഴില്‍ ബാക്ക് ടു കാമ്പസ് പ്രോഗ്രാം, എല്ലാ കുട്ടികള്‍ക്കും ഐസിടി, ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് മുതലായ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം സമഗ്ര നൈപുണ്യവികസനം ലക്ഷ്യമാക്കി എഴുപതോളം വ്യത്യസ്ത സ്കില്ലുകളില്‍ പരിശീലനം തുടങ്ങിയവ ബിസിഎം കോളജിനെ മികവിന്റെ കേന്ദ്രമാക്കുന്നു.
പത്രസമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. അന്നു തോമസ്, പ്രിയ തോമസ്, അസിസ്റ്റന്റ് പ്രഫസര്‍ സിസ്റ്റര്‍ ഡോ. രമ്യാ സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News BCM College Inauguration