സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ്
തൃശൂർ: പ്രമുഖ വിനോദസഞ്ചാര-തീംപാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവില്പന (ഐപിഒ) നാളെ ആരംഭിച്ച് 28ന് അവസാനിക്കും. 61.98 ലക്ഷം ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 82.43 കോടി സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എസ്എംഇ പ്ലാറ്റ്ഫോമിൽ 31നാണു കന്പനിയുടെ ലിസ്റ്റിംഗ്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിനു 123 മുതൽ 133 രൂപ നിലവാരത്തിലാകും വില്പന. ആങ്കർ നിക്ഷേപകർക്കുള്ള ബിഡിംഗ് ഇന്നു നടക്കും. മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഇവർക്കായി വകയിരുത്തിയിട്ടുണ്ട്.
ആങ്കർ ഒഴികെയുള്ള നിക്ഷേപകസ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികളും നീക്കിവച്ചു. നോണ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് 8.88 ലക്ഷവും വ്യക്തിഗത റീട്ടെയ്ൽ നിക്ഷേപകർക്കു കുറഞ്ഞത് 20.62 ലക്ഷം ഓഹരികളും ലഭിക്കും. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2000 ഓഹരികളാണ്. തുടർന്ന് 1000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ലക്നോ സ്നോ പാർക്ക്, ഫാമിലി എന്റർടെയ്ൻമെന്റ് സെന്റർ, അതിരപ്പിള്ളിയിലെ തീം പാർക്കിന്റെ വികസനം, പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി തുക വിനിയോഗിക്കും. 25 വർഷത്തിനിടെ സിൽവർസ്റ്റോം മികച്ച വിനോദസഞ്ചാരകേന്ദ്രമായി മാറിയെന്നും ജംഷഡ്പുരിലേക്കു സാന്നിധ്യം വ്യാപിപ്പിച്ചെന്നും സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് എംഡി എ.ഐ. ഷാലിമാർ പറഞ്ഞു.
അതിരപ്പിള്ളിയിൽ അമ്യൂസ്മെന്റ് വാട്ടർപാർക്ക്, ഇൻഡോർ സ്നോപാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയ്ക്കൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഓണത്തിനു തുറക്കും. കഴിഞ്ഞ ഒക്ടോബറിൽ ജംഷഡ്പുരിൽ ഇൻഡോർ സ്നോപാർക്ക് തുറന്നു. ലക്നൗവിലെ ഓമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോപാർക്കും വിനോദസഞ്ചാരകേന്ദ്രവും ആരംഭിക്കും.
2025-26 സാന്പത്തികവർഷം കന്പനിയുടെ മൊത്തം വരുമാനം 44.85 കോടിയും അറ്റാദായം 19.10 കോടിയുമാണ്. മുൻവർഷം യഥാക്രമം 31.64 കോടിയും 9.71 കോടിയുമായിരുന്നെന്നു മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ, ചെയർമാൻ അബ്ദുൽ ജലീൽ, പ്രൊമോട്ടർ വി.എ. സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സിഎഫ്ഒ കെ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു. ഫോണ്: 9188905079.
Tags : Silverstorm IPO Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds