എസ്പി എം.പി. മോഹനചന്ദ്രനും ഡിവൈഎസ്പി ജീവൻ ജോർജും കണ്ണൂരിലെത്തിയപ്പോൾ.
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികൾ ആരംഭിച്ചു.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസ് ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തേയുള്ള അന്വേഷണങ്ങളിൽ കുടുംബാംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അവരുടെ മൊഴിയുൾപ്പെടെ എടുക്കുമെന്ന് എസ്പി എം.പി. മോഹനചന്ദ്രൻ പറഞ്ഞു. കൂടാതെ കോളജിലെത്തി നിതിൻ രാജിന്റെ സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും എടുക്കും. നേരത്തേ നടത്തിയ അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങളുണ്ടെങ്കിൽ അക്കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർത്ത കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ തുടർന്നാണ് ആഭ്യന്തരവകുപ്പ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകിയത്. ഡിഐജി അജിതാ ബീഗമാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുക. ഡിവൈഎസ്പി ജീവൻ ജോർജിനാണ് അന്വേഷണച്ചുമതല.
അതിനിടെ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി കോടതി ഇന്നു പരിഗണിക്കും.
Tags : NithinRaj death CrimeBranch Kannur investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash