നീതി ആയോഗ് സിഇഒയായി ചുമതലയേൽക്കുന്ന അനുരാഗ് ജെയ്ൻ
ന്യൂഡൽഹി: നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അനുരാഗ് ജെയ്നെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കി.
മധ്യപ്രദേശ് കാഡറിലെ 1989-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ജെയിൻ, മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഭരണപരിചയമുള്ള ഉദ്യോഗസ്ഥനാണ്. മധ്യപ്രദേശ് ചീഫ് സെക്രട്ടറി, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സെക്രട്ടറി, ഡിപിഐഐടി സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിരവധി നിർണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ഖരഗ്പൂരിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1988-ലെ യുപിഎസ്സി പരീക്ഷ വിജയിച്ചാണ് സിവിൽ സർവീസിലെത്തിയത്.
അദ്ദേഹം ചുമതലയേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരും. സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ അദ്ദേഹം ഈ പദവിയിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Tags : Anurag Jain CEO NITI AYOG Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash