കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ സംഘടിപ്പിച്ച ഓപ്പറേഷന് സതേണ്‍ റെഡിനസ്
കൊച്ചി: കടലില്‍ സംശയാസ്പദരീതിയില്‍ കണ്ട കപ്പലിനുചുറ്റും നിലയുറപ്പിച്ച തോക്കുധാരികളായ മറൈന്‍ കമാന്‍ഡോകള്‍, കയര്‍ ഏണിയിലൂടെ കപ്പലിലേക്ക് കയറി ഓരോ മുറികളിലും തന്ത്രപരമായി പ്രവേശിച്ചു നിയന്ത്രണം ഏറ്റെടുക്കുന്ന മറ്റൊരു സംഘം, യുദ്ധസമാന സാഹചര്യത്തില്‍ ഹെലികോപ്റ്ററിലൂടെ കപ്പലില്‍നിന്ന് തൂങ്ങിയിറങ്ങുന്ന കമാന്‍ഡോകള്‍....
ബഹുരാഷ്ട്ര സമുദ്രസുരക്ഷാ പരിശീലനപരിപാടിയായ "ഓപ്പറേഷന് സതേണ്‍ റെഡിനസി’ന്റെ ഭാഗമായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഒരുക്കിയ കില്ഹൗസ് പരിശീലനത്തിനെത്തിയ വിദേശ നാവികര്‍ക്കു വേറിട്ട അനുഭവമായി.
കടല്‍ക്കൊള്ള വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദവിരുദ്ധ ഓപ്പറേഷനുകള്‍, ബന്ദിമോചന ദൗത്യങ്ങള്‍ എന്നിവയില്‍ നാവികസേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കില്‍ ഹൗസ് നിര്‍ണായക പങ്ക് വഹിക്കുന്നു.
കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ നടന്നുവരുന്ന നാലു ദിവസത്തെ ബഹുരാഷ്ട്ര സമുദ്രസുരക്ഷാ പരിശീലനം "ഓപ്പറേഷന് സതേണ്‍ റെഡിനെസ്’ (ഒഎസ്ആര്) ഇന്നു സമാപിക്കും.
നാവികസേനകളുടെയും കോസ്റ്റ് ഗാര്‍ഡുകളുടെയും പങ്കാളിത്തത്തോടെയുള്ള പരിശീലനപരിപാടിയില്‍ 26 രാജ്യങ്ങളില്‍നിന്നുള്ള 254 നാവികരും 74 പരിശീലകരും നാല് രാജ്യാന്തര സംഘടനകളില്‍നിന്നുള്ള വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തിലുള്ള സംയോജിത ടാസ്ക് ഫോഴ്സ് 15ന്റെ (സിടിഎഫ് 154) ആഭിമുഖ്യത്തില്‍ കംബൈന്‍ഡ് മാരിടൈം ഫോഴ്സ്(സിഎം എഫ്)മായി ചേര്‍ന്നാണു പരിപാടി നടത്തുന്നത്.
Tags : IndianNavy MaritimeSecurity exercise demonstrates strength Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash