കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം
കല്‍പ്പറ്റ: തുരങ്കപാത നിര്‍മാണ പ്രദേശത്തെ കള്ളാടിക്കടുത്ത് കഴിഞ്ഞ ഏഴിനുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സമഗ്രാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കും.
സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, ഭൗമ ശാസ്ത്രജ്ഞന് ഡോ.സി.പി. രാജേന്ദ്രന്, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ഠ സിംഗ് (ഐഐടി,പാലക്കാട്), ജിയോ ടെക്നിക്കല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ.ശ്രീവത്സ കൊളത്തായര്‍(എന്‍ഐടി, കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ.എം. മധു കാര്‍ത്തിക് (ഐഐടി,പാലക്കാട്), ടണല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ.അങ്കേഷ് കുമാര്‍(ഐഐടി, പാലക്കാട്) എന്നിവരടങ്ങുന്നതാണു വിദഗ്ധസംഘം.
ദുരന്തകാരണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ പരിസ്ഥിതി അനുമതി, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്കിയ അനുമതികള്‍, കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം, തുരങ്കപാത നിര്‍മാണ മേഖലയിലെ സുരക്ഷാവീഴ്ചകള്‍, സാങ്കേതികപിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവ സമിതി പരിശോധിക്കും.
അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Tags : Kalladilandslide ExpertCommittee Wayanad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash