കോട്ടയം: വിദ്യാഭ്യാസത്തിലൂടെ ശക്തിയാര്‍ജിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു ലോകത്തില്‍ തലയുയര്‍ത്തി നില്‍ക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ബിസിഎം കോളജിനു ലഭിച്ച സ്വയംഭരണപദവിയുടെ ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണമസ് പദവി. വിദ്യാഭ്യാസ മണ്ഡലത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചാല്‍ നമ്മുടെ കുട്ടികള്‍ക്കു മികച്ചനിലയില്‍ ലോകത്തിനു മുന്നിലെത്താന്‍ കഴിയുമെന്നും സ്വയംഭരണ പദവിയില്‍നിന്ന് ഡീംഡ് യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രയാണമായിരിക്കണം കലാലയത്തിന്റെ അടുത്ത ലക്ഷ്യമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ബിസിഎം ഈവനിംഗ് അക്കാദമിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ജീവിത വിജയത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും 70ന്റെ നിറവിലും 17ന്റെ ആവേശത്തോടെയാണ് ബിസിഎം മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. കാലഘട്ടത്തിന് അനുസൃതമായ മാറ്റം കോളജില്‍ കൊണ്ടുവരാന്‍ സ്വയംഭരണ പദവിക്കു സാധിക്കുമെന്നും മന്ത്രി റോജി എം. ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വരും തലമുറകളെ ശക്തീകരിക്കാനാണ് ബിസിഎം കോളജ് സ്ഥാപിച്ചതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നൽകുമ്പോള് വ്യക്തിയെ മാത്രമല്ല , ഒരു കുടുംബത്തെയും സമൂഹത്തെയും ഉയര്‍ത്തി ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. ബിസിഎമ്മിനു ലഭിച്ചിരിക്കുന്ന സ്വയംഭരണ പദവി മികച്ച പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്നും മാര്‍ മാത്യു മൂലക്കാട്ട് ഓർമിപ്പിച്ചു.
ബിസിഎം ഗവേഷണകൂട്ടായ്മയുടെ ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. കോളജ് ഗവേണിംഗ് ബോഡി ചെയര്‍മാനും സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരില്‍, സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, സിന്‍ഡിക്കറ്റംഗം റെജി സഖറിയ എന്നിവര്‍ പ്രസംഗിച്ചു.
കാരിത്താസ് ഹോസ്പിറ്റല്‍ സിഇഒ ഫാ. ഡോ. ബിനു കുന്നത്ത്, പ്രഫ. സണ്ണി ലൂക്ക്, കോട്ടയം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വര്‍ഗീസ് ജോക്കബ്, എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് മെംബര്‍മാര്‍, കോളജ് ഗവേണിംഗ് ബോഡി അംഗങ്ങള്‍, പൂര്‍വാധ്യാപകര്‍, സമീപ സ്ഥാപനങ്ങളിലെ മേധാവികള്‍, സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ തുടങ്ങി ഒട്ടേറെപ്പേർ സമ്മേളനത്തില്‍ പങ്കെടുത്തു.