തൃശൂർ: ഉപയോക്താക്കൾക്ക് സ്വർണാഭരണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും പരിശോധിക്കാൻ ഡിജിറ്റൽ സംവിധാനമൊരുക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്).
ഉപയോക്താക്കളുടെ താത്പര്യസംരക്ഷണവും ജ്വല്ലറി മേഖലയിലെ സുതാര്യതയും ലക്ഷ്യമിട്ട് ബിഐഎസ് തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി സ്വർണാഭരണത്തിലെ ഹാൾമാർക്കിംഗ് എച്ച്യുഐഡി നന്പർ സ്കാൻ ചെയ്ത് ആഭരണത്തിന്റെ ശുദ്ധത, നിർമാതാവ്, ജ്വല്ലറിയുടെ പേര്, ഹാൾമാർക്കിംഗ് ചെയ്ത സെന്റർ എന്നിവയുടെ പൂർണവിവരങ്ങൾ തത്സമയം പരിശോധിക്കാം. പ്ലേ സ്റ്റോറിൽനിന്ന് ബിഐഎസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വാങ്ങിയ ആഭരണത്തിന്റെ ഗുണനിലവാരത്തിൽ സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അതു നേരിട്ട് അധികാരികളെ അറിയിക്കാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് പരാതികൾ ബിഐഎസ് കെയർ ആപ്പിലൂടെയോ ഒൗദ്യോഗിക പോർട്ടൽ വഴിയോ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നുവെന്ന് ബിഐഎസ് ഉറപ്പുവരുത്തും.
ഹാൾമാർക്കിംഗ് ചാർജുകളിൽ നേരിയ പരിഷ്കരണം വരുത്തിയിട്ടുണ്ട്. മുൻപ് ഒരു സ്വർണാഭരണത്തിന് 45 രൂപയായിരുന്ന ഹാൾമാർക്കിംഗ് നിരക്ക് 14 മുതൽ 75 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
ജ്വല്ലറികൾവഴി ഹാൾമാർക്കിംഗ് ചെയ്യുന്ന ഘട്ടത്തിലാണ് ഈ സർവീസ് ചാർജ് ഈടാക്കുന്നത്. ഹാൾമാർക്കിംഗ് ചെയ്ത ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് ജ്വല്ലറി ഉടമകൾക്ക് കർശന നിർദേശമുണ്ട്. ബില്ലിൽ എച്ച്യുഐഡി നന്പർ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.