തിരുവനന്തപുരം: ബിജെപിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയ നിയമസഭാ തെരഞ്ഞെടുപ്പു ഫണ്ടുതട്ടിപ്പിൽ കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നു പാർട്ടി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ.
പാർട്ടിയുടെ സംഘടനാചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരേ വി. മുരളീധരനടക്കമുള്ള നേതാക്കൾ സംഘടനാ നടപടി ആവശ്യപ്പെട്ടു. ഫണ്ടു തട്ടിപ്പു വിവാദം ബിജെപി കേരള ഘടകത്തിനു വലിയ നാണക്കേടുണ്ടാക്കിയെന്നും ഇതിനു കാരണക്കാരായവരെ നേതൃത്വം സംരക്ഷിച്ചുകൂടാ എന്നും ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ഗ്രൂപ്പുവ്യത്യാസമില്ലാതെ നേതാക്കൾ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളിൽ സാധാരണയായി പാർട്ടി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചുതന്നെയാണ് ഇതുവരെയും ഫണ്ടു കൈകാര്യം ചെയ്തിരുന്നത്. അപ്പോഴൊന്നും ഉണ്ടാകാത്ത ഫണ്ടു തിരിമറിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ഇക്കാര്യത്തിൽ പാർട്ടിതലത്തിൽ വിശദ അന്വേഷണം വേണമെന്നും ചുമതലക്കാരനായ എസ്. സുരേഷിനെതിരേ ഉചിതമായ നടപടി വേണമെന്നും യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാർട്ടി നേതൃത്വം നന്നായി പണിയെടുത്തിരുന്നുവെങ്കിൽ ജയിക്കുമായിരുന്നുവെന്നു സ്ഥാനാർഥികൂടിയായിരുന്ന ആർ. ശ്രീലേഖ പറഞ്ഞു. പ്രാദേശികമായി നേതൃത്വം നൽകേണ്ടവർ കഴക്കൂട്ടത്തും നേമത്തും പ്രവർത്തിക്കാൻ പോയി. ഇതു തെരഞ്ഞെടുപ്പു പ്രചരണത്തെ ദോഷമായി ബാധിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെതിരേയും ശ്രീലേഖ കടുത്ത വിമർശനമുയർത്തി.
ഈ രീതിയിലാണു മണ്ഡലത്തിലെ പ്രവർത്തനം മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും പരാജയമായിരിക്കും സംഭവിക്കുകയെന്നും തെരഞ്ഞെടുപ്പു ഫണ്ടു വിവാദത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ ഇനി വൈകിക്കൂടെന്നും ശ്രീലേഖ ആവശ്യപ്പെട്ടു.
ഫണ്ടു തട്ടിപ്പു വിവാദത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ശക്തമായി ഇടപെട്ടുവരികയാണെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുമാത്രമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റി യോഗത്തിൽ മറുപടി പറഞ്ഞത്.