തലശേരി: ബിജെപി നേതാവിനെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് പെരുന്താറ്റിലെ തിരുവാതിരയിൽ രതിശനെ (59)യാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയാറാക്കി നൽകുന്ന സ്വന്തം ഓഫീസ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ശേഷം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിജെപി എരഞ്ഞോളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ അപേക്ഷകൾ തയാറാക്കി നൽകുന്ന ഓഫീസ് നടത്തിവരികയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: അഭിനവ് (മെക്കാനിക്ക്), അശ്വതി (ഡൽഹി). മരുമകൻ: സനോജ് (എൻജിനിയർ മാരുതി, ഡൽഹി). സഹോദരങ്ങൾ: വിജയൻ, വനജ, പരേതനായ രമേശൻ.