ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിനെതിരേ ‘അപകീര്‍ത്തി’ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിആര്‍എസ് എംഎല്‍എ പി. കൗശിക് റെഡ്ഢിയുടെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ വൈകുന്നേരം കരിംനഗറിലാണ് സംഭവമുണ്ടായത്.
ഹുസൂരാബാദ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് കൗശിക് റെഡ്ഢി.
സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗംഗുല കമലാകറിന്റെ ക്യാമ്പ് ഓഫീസില്‍ കൗശിക് റെഡ്ഢി വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് അക്രമം. എംഎല്‍എയുടെ പ്രസ്താവനയില്‍ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ ക്യാമ്പ് ഓഫീസിനു മുന്നില്‍ തടിച്ചുകൂടുകയായിരുന്നു.
പ്രവര്‍ത്തകര്‍ ഓഫീസിലെ ചെടിച്ചട്ടികള്‍ അടിച്ചുതകര്‍ക്കുകയും ജനല്‍ ചില്ലുകള്‍ ഉടയ്ക്കുകയും ചെയ്തു.
എംഎല്‍എയുടെ വാഹനം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി.