മേപ്പാടി: 2019 നവംമ്പർ ഒന്നിന് സ്ഥാപിതമായ മേപ്പാടി ഗോൾഡൻ ബെൽസ് ബഡ്സ് സ്പെഷ്യൽ സ്കൂൾ അന്നു മുതൽ ഏഴ് വർഷത്തോളമായി പ്രവർത്തിച്ചു വന്നത് വാടക കെട്ടിടത്തിൽ. ഇന്ന് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സ്കൂളിന് വാടകക്കെട്ടിടത്തിൽ നിന്ന് മോചനം ലഭിക്കുകയാണ്.
മറുനാടൻ കർഷകരുടെ സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനാണ് 40 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ച് നൽകിയിരിക്കുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ സംവിധാനങ്ങളും ഗ്രാമ പഞ്ചായത്ത് നൽകിയ 10 സെന്റ് സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
മേപ്പാടി ചന്തക്കുന്നിലുള്ള വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് ഇത്ര നാളും സ്കൂൾ പ്രവർത്തിച്ചത്. മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തം രൂക്ഷമായി ബാധിച്ച പഞ്ചായത്ത് എന്ന നിലയ്ക്ക് മേപ്പാടിയെ സഹായിക്കാൻ നിരവധി സംഘടനകൾ രംഗത്തു വരികയുണ്ടായി. അതിന് ഗ്രാമപഞ്ചായത്തുമായി യുഎഫ്പിഎ സംഘടന ബന്ധപ്പെട്ടപ്പോഴാണ് സ്പഷ്യൽ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലെന്നത് അറിയുന്നത്.
സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ആർദ്രം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഹൃദയപൂർവം യുഎഫ്പിഎ എന്ന പേരിൽ ഫണ്ട് ശേഖരിച്ച് കഴിഞ്ഞ വർഷം മേയ് മാസമാദ്യം കെട്ടിടത്തിന് തറക്കല്ലിട്ടത്. ഒരു വർഷം കൊണ്ടു തന്നെ പണി പൂർത്തീകരിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി.സിദ്ദിഖ് ഇന്ന് ഉദ്ഘാടനം നിർവഹിക്കും.