തൃശൂർ: മൂന്നുവയസുകാരി പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവുവരുത്തിയ ഡോക്ടർക്കെതിരേ കർശന നടപടി വേണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്.
എന്നാൽ, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അഞ്ചു വർഷം മുന്‍പുണ്ടായ സംഭവത്തിൽ ഇതുവരെ ഡോക്ടർക്കെതിരേ നടപടിയെടുക്കാനോ കുടുംബത്തിനു നീതി ലഭ്യമാക്കാനോ ഇടപെടലുണ്ടായിട്ടില്ലെന്നു കുടുംബം പരാതിപ്പെട്ടു.
ഡോക്ടർ ബി.എസ്. ശ്രീരേഖയുടെ പേരിൽ കടുത്ത അച്ചടക്കനടപടിയെടുക്കാൻ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഉത്തരവിട്ടിരുന്നു. ആലമറ്റം സ്വദേശി കാച്ചപ്പിള്ളി ബിനോയിയുടെയും ലയയുടെയും മകൾ ആവ്റിൻ 2021 മാർച്ച് 24നാണു പാന്പുകടിയേറ്റു മരിച്ചത്.
നടപടി വൈകുന്നതു ചൂണ്ടിക്കാട്ടി ബിനോയ് മുഖ്യമന്ത്രിക്കു നൽകിയ പരാതിക്കുള്ള മറുപടിയിലാണു വകുപ്പുതല നടപടികളെക്കുറിച്ചു വ്യക്തമാക്കിയത്. പോലീസ് അടക്കമുള്ള അന്വേഷണ ഏജൻസികളുടെ നടപടികളും വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലുകളും സംബന്ധിച്ചു മറുപടിയിൽ വ്യക്തമാണ്.
ഡെപ്യൂട്ടി ഡിഎംഒ ഡോ. എൻ.എ. ഷീജ, ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ സൂപ്രണ്ട് ഷൈൻകുമാർ, ജില്ലാ നഴ്സിംഗ് ഓഫീസർ എം.എസ്. ഷീജ എന്നിവർ നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കെതിരേ നടപടിക്കു ശിപാർശ ചെയ്തിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആന്റിവെനം കൊടുത്തില്ലെന്നും സമയം നഷ്ടപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2025 ജനുവരി 23ന് റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കു നൽകിയെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിക്കും മന്ത്രി ഒ.ജെ. ജനീഷിനുമാണു കുട്ടിയുടെ പിതാവ് ഇപ്പോൾ പരാതി നൽകിയത്. രണ്ടു പരാതികളിലും അടിയന്തര നടപടികൾക്കു ശിപാർശ ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകിയത്.