നടി റെബ മോണിക്ക ജോണിനും ഭർത്താവ് ജോമോൻ ജോസഫിനും പെൺകുഞ്ഞ് പിറന്നു. വിജയ് ചിത്രം ബിഗിലിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് ജൂലൈ 22-നാണ് കുഞ്ഞ് ജനിച്ചത്. കിയാര ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഈ സന്തോഷവാർത്ത റെബ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് റെബ കുറിച്ചു, 'ഹലോ വേൾഡ്, ഇതാ ഞങ്ങളുടെ കുഞ്ഞ്... കിയാര ജോസഫ്. ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചമായി കടന്നുവന്ന ഞങ്ങളുടെ കുഞ്ഞ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെ മനസിലാക്കിയും, ഞങ്ങളുടെ ഈ കുഞ്ഞുമാലാഖയെ അടുത്തറിഞ്ഞും, ഓരോ നിമിഷവും ആസ്വദിച്ചാണ് ഞങ്ങൾ കഴിഞ്ഞത്. ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന ഞങ്ങൾ മൂന്നുപേർക്കും നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാകണം'. സിനിമമേഖലയിൽ നിന്നുള്ളവരുൾപ്പെടെ നിരവധിയാളുകളാണ് താരദമ്പതികൾക്കും പുതിയ കുഞ്ഞിനും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
'ജേക്കബിന്റെ സ്വർഗ്ഗരാജ്യം', 'ഫോറൻസിക്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോൺ. 2022 ലായിരുന്നു ജോമോൻ ജോസഫുമായി റെബയുടെ വിവാഹം.