കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലിസ്. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ (29), ഭാര്യ അഞ്ജന എന്നിവരെയാണു മെഡിക്കൽ കോളജ് പൊലിസ് കസ്റ്റഡിയിലെടുത്തത്. സുഖമില്ലെന്നു പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് മർദനത്തിനിരയായാണു മരിച്ചതെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.
കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വന്നെന്നും പറഞ്ഞായിരുന്നു നാലു മാസം പ്രായമായ പെൺകുഞ്ഞിനെ രക്ഷിതാക്കൾ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് കുഞ്ഞിനെ പിന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയപ്പോൾതന്നെ മരണത്തിൽ ദുരൂഹത സംശയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയ അഞ്ജനയെ ചോദ്യം ചെയ്തതിൽനിന്നാണ് ഭർത്താവ് നിരന്തരം കുഞ്ഞിനെ മർദിക്കാറുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. സമാനമായ മൊഴി അഞ്ജന മജിസ്ട്രേറ്റിന് മുന്പിലും നൽകിയിരുന്നു. തുടർന്ന് ഇരുവരെയും പ്രതിചേർത്ത് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് പൊലിസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണു പിതാവിനെതിരേ ചുമത്തിയിരിക്കുന്നത്. മർദന വിവരം മറച്ചുവച്ചുവെന്ന കുറ്റമാണ് അമ്മയ്ക്കെതിരേയുള്ളത്. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.