ലണ്ടൻ: ബാലൺ ഡി ഓർ 2026 പുരസ്കാരച്ചടങ്ങിൽ തിളങ്ങി ബാഴ്സലോണ താരങ്ങൾ. കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്ൻ സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ സ്പാനിഷ് താരവും ബാഴ്സലോണയുടെ മുൻനിര താരവുമായ അലക്സിയ പുട്ടെയാസ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ബാഴ്സലോണയ്ക്കായുള്ള മികച്ച പ്രകടനമാണ് പുട്ടെയാസിന് നേട്ടമായത്.മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരുഷ വിഭാഗത്തിൽ ലാമിൻ യമാലും വനിതാ വിഭാഗത്തിൽ വിക്കി ലോപ്പസും നേടി. 21 വയസിൽ താഴെയുള്ള താരങ്ങൾക്കുള്ള പുരസ്കാരം തുടർച്ചയായ മൂന്നാം തവണയാണ് 19കാരനായ യമാൽ സ്വന്തമാക്കിയത്. 2025ലും വനിതാ വിഭാഗത്തിലെ കോപ്പ ട്രോഫി നേടിയ വിക്കി ലോപ്പസ് തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹയായത്.
മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരം സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകനായി സ്പാനിഷ് പരിശീലകൻ പെരെ റൊമേയു തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്പെയിൻ താരം ഉനായ് സിമോണും വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരം കാറ്റാ കോളും നേടി.
മികച്ച ക്ലബ്ബിനുള്ള പുരസ്കാരം പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജി സ്വന്തമാക്കിയപ്പോൾ വനിതാ വിഭാഗത്തിൽ ബാഴ്സലോണ ജേതാക്കളായി. മികച്ച പുരുഷ സ്ട്രൈക്കർക്കുള്ള പുരസ്കാരം ഇംഗ്ലീഷ് താരം ഹാരി കെയ്നും വനിതാ സ്ട്രൈക്കർക്കുള്ള പുരസ്കാരം മെക്സിക്കൻ താരം വെറോണിക്ക ചാർലിൻ കൊറാലിനും ലഭിച്ചു.