ഫ്രാൻസിൽ രണ്ടാഴ്ചയിലേറെയായി പുകയുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടയിൽ നിന്നുള്ള വേറിട്ടൊരു ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
പാരിസിന്റെ പ്രാന്തപ്രദേശമായ സെന്റ്-ഡെനിസിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികളെ ലാത്തിച്ചാർജിൽ നിന്നും അതിക്രമങ്ങളിൽ നിന്നും രക്ഷിക്കാൻ സ്വന്തം ശരീരം കവചമാക്കി പൊലിസ് പടയ്ക്ക് മുന്നിൽ നിലയുറപ്പിച്ച മേയർ ബാലി ബാഗയോക്കോയുടെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്.
പ്രക്ഷോഭകർക്ക് നേരെ നീങ്ങിയ ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി മുന്നോട്ട് പോകരുതെന്ന് അദ്ദേഹം ഉറക്കെ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
യാതൊരുവിധ അക്രമസ്വഭാവവും കാണിക്കാത്ത കൗമാരക്കാരായ വിദ്യാർഥികൾക്ക് നേരെ പൊലിസ് തിരിയുന്നത് കണ്ടാണ് താൻ ഇടപെട്ടതെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
തീവ്ര ഇടതുപക്ഷ പാർട്ടിയായ 'ഫ്രാൻസ് അൺബോവ്ഡ്' പ്രതിനിധിയായ ബാഗയോക്കോ, തന്റെ പ്രദേശത്തെ തെരുവിലിറങ്ങിയ കുട്ടികളെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നതെന്നും അവർക്കായി നിലകൊള്ളേണ്ടത് ഭരണാധികാരി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ താനും അതിന്റെ ഇരയായതായി മേയർ വെളിപ്പെടുത്തി.
ക്രമസമാധാന പാലനത്തിന്റെ പേരിൽ നടക്കുന്നത് ബലപ്രയോഗമാണെന്ന് വിമർശിച്ച അദ്ദേഹം, ആഭ്യന്തര മന്ത്രാലയം പൊലിസിന് നൽകിയ നിർദ്ദേശങ്ങൾ ഉടൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
സമരം അക്രമരഹിതമായി തുടരണമെന്നും അത്തരം നിശ്ചയദാർഢ്യം ഒടുവിൽ സർക്കാരിനെ നിലപാടുകൾ തിരുത്താൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലാസ് മുറികളിലെ അമിത തിരക്ക്, അധ്യാപകക്ഷാമം, ആധുനിക സൗകര്യങ്ങളുടെ അഭാവം, വിവേചനം എന്നിവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭമാണ് ഇപ്പോൾ ഫ്രാൻസിലുടനീളം പടർന്നുപിടിച്ചിരിക്കുന്നത്. ഇതിനകം ആറായിരത്തിലധികം പേർ അറസ്റ്റിലാവുകയും ഒട്ടേറെ കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ലാത്തി, കണ്ണീർവാതകം, ഫ്ലാഷ്ബോൾ തോക്കുകൾ എന്നിവ ഉപയോഗിച്ച് പൊലിസ് ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുമ്പോൾ, നൂറുകണക്കിന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊതുമുതലുകൾ നശിപ്പിക്കുന്ന സാഹചര്യം തടയാനാണ് ശ്രമിക്കുന്നതെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം.
സമരം ശക്തമായി തുടരുന്നതിനിടെ, വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒക്ടോബർ അവസാനത്തോടെ അനുയോജ്യമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കിയിട്ടുണ്ട്.