ധാക്ക: ബാറ്റിംഗ് പരിശീലകൻ മുഹമ്മദ് അഷ്റഫുള്ളിനെ പുറത്താക്കിയതിനെത്തുടർന്ന് ടീമിൽ പ്രതിസന്ധിയുണ്ടെന്ന വിലയിരുത്തലുകൾ തള്ളി ബംഗ്ലാദേശ് മുഖ്യ പരിശീലകൻ ഫിൽ സിമ്മൺസ്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ടീം പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണെന്നും അതിനായുള്ള തയാറെടുപ്പുകളിലാണ് ടീം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായുള്ള കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിൽ പരിശീലനത്തിനെത്തിയ താരങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും കോച്ച് കൂട്ടിച്ചേർത്തു. ടീമിലെ എല്ലാവരും ഒന്നിച്ച് പരിശീലനം ആരംഭിക്കുന്നതോടെ തയാറെടുപ്പുകൾ കൂടുതൽ ശക്തമാകും.
പുറത്തുനടക്കുന്ന കാര്യങ്ങളേക്കാൾ അടുത്ത രണ്ട് ദിവസങ്ങളിൽ ടീം എങ്ങനെ തയാറെടുക്കുന്നു എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് അഷ്റഫുള്ളിനെ ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സിമ്മൺസിന്റെ പ്രതികരണം.