ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വൈറ്റ്ബോൾ പരമ്പരയ്ക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ ബംഗ്ലാദേശ് താരങ്ങൾക്കും അവസരം ലഭിക്കും. ബംഗ്ലാദേശ് താരങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാൻ ബിസിസിഐ അനുമതി നൽകിയതായി സൂചനയുണ്ട്.
കഴിഞ്ഞ ഐപിഎൽ ലേലത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ച ശേഷം ഒഴിവാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനും ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്തഫിസുർ ഉൾപ്പെടെ ഏഴ് ബംഗ്ലാദേശ് താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. നഹീദ് റാണ, റിഷാദ് ഹൊസൈൻ, ഹസൻ മഹ്മൂദ്, തൗഹീദ് ഹൃദോയ്, ടസ്കിൻ അഹമ്മദ്, ഷൊറിഫുൾ ഇസ്ലാം എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് ബംഗ്ലാദേശ് ബഹിഷ്കരിച്ചതോടെയാണ് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്. എന്നാൽ പുതിയ നീക്കങ്ങൾ ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബന്ധത്തിൽ അനുകൂലമായ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി താരലേലത്തിനുള്ള ഒരുക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് ഫ്രാഞ്ചൈസികൾ.
ടീമിൽ നിലനിർത്തേണ്ടവരുടെയും ഒഴിവാക്കേണ്ടവരുടെയും പട്ടിക തയാറാക്കുന്ന തിരക്കിലാണ് ടീമുകൾ. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. ഡിസംബർ 16നാണ് താരലേലം നടക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിന് മുന്നോടിയായി ബിസിസിഐയുടെ നിർദേശത്തെത്തുടർന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്ന് ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.