ധാക്ക: ജീവന് ഭീഷണിയുണ്ടെങ്കിലും വരുന്ന ഡിസംബറോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ, ശക്തമായ മുന്നറിയിപ്പുമായി ബംഗ്ലാദേശ് സർക്കാർ. ഹസീന രാജ്യത്ത് കാലുകുത്തുന്ന നിമിഷം അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ വ്യക്തമാക്കി.
"ഞാൻ കൊല്ലപ്പെട്ടേക്കാം, അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജയിലിലടയ്ക്കപ്പെട്ടേക്കാം. എനിക്ക് എന്റെ വിധിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നിരുന്നാലും, എന്റെ അണികൾ ആവശ്യപ്പെടുന്നതിനാൽ ഞാൻ മാതൃരാജ്യത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നു,"എന്ന് വാർത്താ ഏജൻസിയായ എഎഫ്പിയോട് സംസാരിക്കവെ ഹസീന പറഞ്ഞു.
നിയമം അതിന്റെ വഴിക്ക് പോകുമെന്നും തങ്ങൾക്ക് നൽകിയിട്ടുള്ള അധികാരം പൂർണമായി വിനിയോഗിക്കുമെന്നും നിയമമന്ത്രി പറഞ്ഞു. 2025 നവംബറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് കോടതിയിലെത്താൻ പോലും അവസരം ലഭിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തിയ കേസിലാണ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവെപ്പും ഹെലികോപ്റ്റർ ആക്രമണങ്ങളും ഹസീനയുടെ അറിവോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, മുൻ പൊലീസ് ഐ.ജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസിലെ മറ്റു പ്രതികളാണ്.