തൊടുപുഴ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 18,435 കോടിയായി ഉയര്‍ന്നതായി ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം. ഒന്നാം പാദത്തിലെ 17,765 കോടിയില്‍നിന്ന് 670 കോടിയുടെ വര്‍ധനവാണുണ്ടായത്. ഇതേ കാലയളവില്‍ ബാങ്കുകള്‍ നല്കിയ മൊത്തം വായ്പകള്‍ 19,487 കോടി രൂപയില്‍നിന്ന് 20,365 കോടി രൂപയായി ഉയര്‍ന്നതായും യോഗം വിലയിരുത്തി. ജില്ലയിലെ വായ്പാനിക്ഷേപ അനുപാതം ജൂണ്‍ പാദത്തിലെ 109.7 ശതമാനത്തില്‍നിന്ന് 110 ശതമാനമായി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 60 ശതമാനം പരിധിയേക്കാള്‍ വളരെ ഉയര്‍ന്ന നേട്ടമാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 16,464 കോടിയുടെ വായ്പകള്‍ വിതരണം ചെയ്യാനാണ് ജില്ലാ ക്രെഡിറ്റ് പ്ലാന്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ പാദം അവസാനിക്കുമ്പോള്‍ ഇതിന്റെ 56.1 ശതമാനമായ 9,230 കോടി വിതരണം ചെയ്തു.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം അര്‍ഹരായ മുഴുവന്‍ ആളുകളിലേക്കും എത്തിക്കുന്നതിനായി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഡ്രൈവ് ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, തിരുവനന്തപുരം ആര്‍ബിഐ എല്‍ഡിഒ എന്‍.എസ്. അമല്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എം.എസ്. അരുണ്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വര്‍ഗീസ് എം. മാത്യു, ആര്‍എസ്ഇടിഐ ഡയറക്ടര്‍ എം. നിജാസ്, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ എം. കുര്യച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.