മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എസ്ബിഐ ബാങ്കിൽ ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് നാല് ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
സാധാരണ ഇടപാടുകാരനെപ്പോലെ ബാങ്കിൽ എത്തിയ പ്രതി കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരുടെ കണ്ണിലേക്ക് ഒളിപ്പിച്ചു കൊണ്ടുവന്ന മുളകുപൊടി വാരിയെറിയുകയായിരുന്നു. ജീവനക്കാർ ഓടിയ അവസരം മുതലെടുത്ത് കൗണ്ടറിലുണ്ടായിരുന്ന നാല് ലക്ഷം രൂപയുമായി പ്രതി കടന്നുകളയുകയായിരുന്നു.
ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അരമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി. കവർച്ച ചെയ്ത മുഴുവൻ തുകയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.