മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ ബാങ്ക് കൊള്ളയടിച്ച നാലംഗ സംഘം പിടിയിൽ. ബാങ്ക് ജീവനക്കാരെ ആക്രമിച്ച് വെടിയുതിർത്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയുമാണ് സംഘം കവർന്നത്. പ്രതികളെ നാട്ടുകാരും പൊലിസും ചേർന്ന് 17 കിലോമീറ്റർ പിന്തുടർന്നാണ് വളഞ്ഞിട്ട് പിടികൂടിയത്. പിടിയിലായവരിൽ ഒരു മുൻ പൊലിസ് സബ് ഇൻസ്പെക്ടറും ഉൾപ്പെടുന്നു.
ശനിയാഴ്ച ഉച്ചക്കഴിഞ്ഞാണ് ജൽഗാവിലെ ഭോക്കറിലുള്ള ദേശസാൽകൃത ബാങ്കിൽ കൊള്ള നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ നാലംഗ സംഘം തോക്കുചൂണ്ടി സുരക്ഷാ ജീവനക്കാരനെയും ക്ലാർക്കിനെയും തടഞ്ഞുവച്ചു. തുടർന്ന് ജീവനക്കാരെ ഓരോരുത്തരെയായി ടേപ് ഉപയോഗിച്ച് ബന്ധിച്ച് തറയിലിരുത്തി. ചെറുക്കാൻ ശ്രമിച്ച ഒരു ജീവനക്കാരനു നേരെ സംഘം വെടിയുതിർത്തുവെങ്കിലും തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. സ്വർണവും പണവും ചാക്കിലാക്കി കവർച്ചക്കാർ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
കെട്ടഴിച്ചു പുറത്തിറങ്ങിയ രണ്ട് ബാങ്ക് ജീവനക്കാർ ഉടൻതന്നെ വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ പൊലിസിനെയും വിവരം അറിയിച്ചു. ഉടൻതന്നെ വാഹനങ്ങളിൽ പലവഴികളിലായി കവർച്ചക്കാരെ പിന്തുടർന്ന നാട്ടുകാരും പൊലിസും ഇടവഴികളിൽ പോലും തമ്പടിച്ചു. 17 കിലോമീറ്റർ പിന്തുടർന്നതിനെ തുടർന്നാണ് സംഘം പിടിയിലായത്.
അറസ്റ്റിലായവരിൽ മുൻ പൊലിസ് സബ് ഇൻസ്പെക്ടറായ ശങ്കർ ജാസകും ഉൾപ്പെടുന്നു. ഇയാൾ മറ്റൊരു ബാങ്ക് കവർച്ചക്കേസിൽ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. പിടിയിലായ മറ്റൊരാൾ വധശ്രമക്കേസിലെ പ്രതിയുമാണ്. കവർച്ചക്കാരിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ സ്വർണവും പണവും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.