ഇന്ത്യൻ മിഡ് സൈസ് എസ്യുവി വിപണിയിൽ പുതിയൊരു പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ഹ്യുണ്ടായ്. ക്രെറ്റയ്ക്ക് താഴെയായി സ്ഥാനം പിടിക്കുന്ന ബയോണിനെയാണ് കന്പനി ഇന്ത്യൻ മണ്ണിൽ അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക ഡിസൈൻ, മികച്ച സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ബയോണിന്റെ വരവ്.
►പുതിയ ഡിസൈൻ
കാഴ്ചയിൽ പതിവ് ഹ്യുണ്ടായ് എസ്യുവികളിൽനിന്ന് വ്യത്യസ്തമായ രൂപമാണ് ബയോണിനുള്ളത്. എച്ച് എഡ്ജ് എൽഇഡി ഡേടൈം റണ്ണിംഗ് ലാന്പുകൾ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്ലാന്പുകൾ, വ്യത്യസ്തമായ ഗ്രിൽ ഡിസൈൻ എന്നിവ മുൻഭാഗത്തെ ആകർഷകമാക്കുന്നു ണ്ട്. വശങ്ങളിൽ ജ്യാമിതീയ ഡിസൈനിലുള്ള വീൽ ആർച്ചുകളും ബോഡി ക്ലാഡിങ്ങും ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയിലുകളും നൽകിയിട്ടുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നു.
►എഐ അകത്തളം
ബ്ലാക്ക്, ഒലീവ് ഗ്രേ നിറങ്ങൾ ചേർന്ന ഡ്യുവൽ ടോണ്‍ ഇന്റീരിയറാണ് അകത്തെ പ്രധാന ആകർഷണം. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ചേർന്ന ഡിജിറ്റൽ കോക്പിറ്റാണ് ഡാഷ്ബോർഡിലുള്ളത്. ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്, ഡി കട്ട് സ്റ്റിയറിഗ് വീൽ എന്നിവയും അകത്തളത്തിന് പ്രീമിയം ഭാവം നൽകുന്നു. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പിൻനിര എസി വെന്റുകൾ, വയർലെസ് ഫോണ്‍ ചാർജർ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
ജനറേറ്റീവ് എഐ വോയ്സ് അസിസ്റ്റന്റാണ് ബയോണിന്റെ മറ്റൊരു പ്രത്യേകത. സാധാരണ വോയ്സ് കമാൻഡുകൾക്കപ്പുറം സ്വാഭാവികമായ സംഭാഷണരീതിയിൽ വാഹനത്തോട് സംവദിക്കാനാകും. 500-ലധികം വോയ്സ് കമാൻഡുകളും 10 ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഉൾപ്പടെ 12 ഭാഷകൾക്കുള്ള പിന്തുണയും വാഹനത്തിലുണ്ട്.
►സുരക്ഷാ ഫീച്ചറുകൾ
സുരക്ഷയ്ക്കായി വാഹനത്തിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ബയോണിലുണ്ട്. ലെവൽ 2 എഡിഎഎസ് സംവിധാനത്തിൽ 23 ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളുമുണ്ട്. 360 ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, സ്മാർട്ട് ക്രൂയിസ് കണ്ട്രോൾ തുടങ്ങിയവയും ബയോണിൽ ലഭ്യമാണ്. എല്ലാ വകഭേദങ്ങളിലും 35-ലധികം സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകുന്നുണ്ടെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.
►ക്രെറ്റയുടെ എൻജിൻ
ക്രെറ്റയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ബയോണിന്റെയും കരുത്ത്. 115 പി.എസ് കരുത്തും 143.8 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ഐവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 18.6 കിലോമീറ്റർ മൈലേജാണ് കന്പനി അവകാശപ്പെടുന്നത്.
ഏഴ് വകഭേദങ്ങളിലാണ് ബയോണ്‍ എത്തുന്നത്. മാനുവൽ പതിപ്പുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ഐവിടി ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 13.84 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ടാറ്റ സിയറ തുടങ്ങിയവരാണ് ബയോണിന്റെ പ്രധാന എതിരാളികൾ.
വില: 9.99 ലക്ഷം
മൈലേജ്: 18.6 കിലോമീറ്റർ