"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?
സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.
91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?
"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്കൂള്കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില്‍ സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?