സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766നോട് ചേര്‍ന്ന് 550 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ബീനാച്ചി എസ്റ്റേറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം വയനാട്ടില്‍ ശക്തമാകുന്നു.
മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രൊവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡിന്റെ (പിഐസിഎല്) അധീനതയിലുള്ള എസ്റ്റേറ്റ് ഏറ്റെടുത്ത് വികസന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാണ് ആവശ്യം. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനും സ്ഥിരമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുന്നതിനും അനുയോജ്യമായ സ്ഥലമാണിത്. ജില്ലയുടെ ദീര്‍ഘകാല ആവശ്യമായ ചെറുവിമാനത്താവളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ഭൂമി പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.
നിലവില്‍ എസ്റ്റേറ്റിന്റ് ഏകദേശം 65 ഹെക്ടര്‍ സ്ഥലത്ത് 160ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാപ്പിത്തോട്ടം ഉള്‍പ്പെടുന്ന എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുമ്പോള്‍ താമസക്കാരുടെ പുനരധിവാസവും പരിഗണിക്കേണ്ടതുണ്ട്.
എസ്റ്റേറ്റ് കേരളത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തയാറാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വയനാട്ടുകാര്‍ പ്രതീക്ഷയോടെയാണ് നടപടികളെ ഉറ്റുനോക്കുന്നത്. 280 കോടി രൂപയുടെ നഷ്ടപരിഹാരത്തുക ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ധാരണയിലെത്തിയാല്‍ ബീനാച്ചി എസ്റ്റേറ്റ് ജില്ലയുടെ വികസന ചരിത്രത്തില്‍ നിര്‍ണായക ഇടമായി മാറുമെന്നാണ് പ്രതീക്ഷ.