മുക്കം: മുക്കത്തെ ബീവറേജസ് ഔട്ട്ലെറ്റ് വിവാദത്തിൽ മുസ്ലിം ലീഗിനെതിരേ ഗുരുതര ആരോപണവുമായി സിപിഎം. ബീവറേജസ് ഔട്ട്ലെറ്റിനെതിരായ സമരം ബാർ മുതലാളിമാരെ സഹായിക്കാനാണന്നും ഡിസിസി സെക്രട്ടറിയുടെ ഉടമസ്ഥതയിൽ മുക്കത്ത് പ്രവർത്തിക്കുന്ന ബാറിൽ പല ലീഗ് നേതാക്കൾക്കും ഷെയർ ഉണ്ടെന്നും സിപിഎം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ലീഗ് നേതാക്കളുടെ ഷെയർ സംബന്ധിച്ച തെളിവുകൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള മുക്കത്തെ ഔട്ട്ലെറ്റ് അടച്ചുപൂട്ടുന്നതിന് കോൺഗ്രസിന്റെ മന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ ഉള്ളവർ വിചാരിച്ചാൽ നടക്കുമെന്നിരിക്കേ നഗരസഭയ്ക്ക് എതിരായി മുസ്ലിം ലീഗ് നടത്തിയ പത്രസമ്മേളനം ദുഷ്ടലാക്കോടെയാണെന്ന് വ്യക്തമാണ്. കോൺഗ്രസും ലീഗും ചേർന്നു ഭരിക്കുന്ന തിരുവമ്പാടിയിലും രാമനാട്ടുകരയിലും നരിക്കുനിയിലും നിലമ്പൂരിലും മഞ്ചേരിയിലും മറ്റും ഔട്ട്ലെറ്റുകൾ ഉണ്ടെന്നിരിക്കെ മുക്കത്ത് മാത്രം മദ്യനിരോധനം വേണമെന്ന് പറയുന്നത് ദുരുദ്ദേശപരമാണന്നും സിപിഎം നേതാക്കൾ പറഞ്ഞു. മുക്കത്ത് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ, ജില്ല കമ്മിറ്റി അംഗവും തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ വി.കെ. വിനോദ്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.ടി. ബിനു, സി.എ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.