മുംബൈ: സിജെപി സ്ഥാപകനും വിദ്യാർഥി നേതാവുമായ അഭിജിത് ദീപ്കെയ്ക്ക് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പിതാവ് ഭഗവാൻറാവു ദീപ്കെ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കളെ വെറുതെ വിടില്ലെന്ന് യൂട്യൂബ് റീലുകളിലൂടെ ഭീഷണി സന്ദേശം ഉയർന്നതായി മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. മേയ് പകുതിയോടെ സിജെപി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ആഴ്ചകൾ നീണ്ട വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതായിരുന്നു അഭിജിത് ദീപ്കെ. സ്വന്തം ജോലിയും വിദ്യാഭ്യാസവും നാടിനും പൊതുജനത്തിനുമായി വിനിയോഗിച്ച വ്യക്തിയാണ് അഭിജിത് എന്നും, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായാണ് ജന്മനാട്ടിലേക്ക് സ്വീകരിച്ചതെന്നും പിതാവ് വ്യക്തമാക്കി.