സംഗ്രൂർ: പഞ്ചാബിലെ മയക്കുമരുന്ന് മാഫിയക്കെതിരെയും ക്രമസമാധാന തകർച്ചയ്ക്കെതിരെയും നടന്ന കോൺഗ്രസിന്റെ 'ഇൻസാഫ് റാലി'യിൽ മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ കടുത്ത വ്യക്തിപരമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. പഞ്ചാബ് മയക്കുമരുന്ന് ഭീഷണി നേരിടുമ്പോൾ മുഖ്യമന്ത്രി ദിനംപ്രതി മദ്യ ലഹരിയിലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ലോക്സഭയിൽ ഭഗവന്ത് മാനോടൊപ്പം ഒന്നിച്ചിരുന്ന കാലത്തെ അനുഭവം പങ്കുവെച്ച രാഹുൽ, രാവിലെ 11 മണിക്ക് തന്നെ അദ്ദേഹത്തിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടാകാറുണ്ടെന്ന് പറഞ്ഞു.
വ്യക്തിപരമായി മദ്യപിക്കുന്നത് അദ്ദേഹത്തിന്റെ കാര്യമാണെങ്കിലും, മയക്കുമരുന്നിനെതിരെ പോരാടേണ്ട ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രതിദിനം വൈകുന്നേരങ്ങളിൽ ലഹരിയിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് രാഹുൽ വ്യക്തമാക്കി.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ പഞ്ചാബ് ഭരിക്കുന്നത് ഡൽഹിയിൽ നിന്നായിരിക്കില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷത്തിനകം പഞ്ചാബിലെ മയക്കുമരുന്ന് അവസാനിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെയും രാഹുൽ പരിഹസിച്ചു. ഒരു വർഷത്തിനുള്ളിൽ ഈ കേന്ദ്രഭരണം തന്നെ താഴെ വീഴുമെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസ്താവന നിലവാരം കുറഞ്ഞതും രാഷ്ട്രീയത്തിൽ താഴെക്കിടയിലുള്ളതുമായ ആക്രമണമാണെന്ന് എഎപി ഡൽഹി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരെയും ഇത്തരം മയക്കുമരുന്ന് ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച എഎപി നേതൃത്വം, രാഹുലിനെ 'പപ്പു' എന്ന് വിളിച്ച് തിരിച്ചടിക്കുകയും ചെയ്തു.