കോഴിക്കോട് : ഭട്ട് റോഡ് ബീച്ചിൽ അനധികൃതമായി കച്ചവടം നടത്തുന്നവരെ ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പാലിച്ച് എത്രയും വേഗം ഒഴിപ്പിച്ച് അംഗീകൃത വഴിയോര കച്ചവടക്കാർക്ക് തടസരഹിതമായി കച്ചവടം ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് കോർപറേഷൻ സെക്രട്ടറി ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 2021 ൽ കോർപറേഷൻ നടത്തിയ വഴിയോര കച്ചവട സർവേ ലിസ്റ്റിൽ ഭട്ട് റോഡ് ബീച്ചിൽ 24 പേരാണ് ഉണ്ടായിരുന്നതെന്നും അവരിൽരണ്ടുപേര് മരിച്ചെന്നും കോർപറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇപ്പോൾ പട്ടികയിലുള്ളത് 22 പേരാണ്. ഇതിൽ 6 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. ഇപ്രകാരം 19 പേർക്കാണ് ഭട്ട് റോഡ് ബീച്ചിൽ അനുമതിയുള്ളത്.
ഭട്ട് റോഡ് ബീച്ചിൽ നിയമാനുസൃതമായി സർവേയിൽ ഉൾപ്പെട്ട് കച്ചവടം നടത്തുന്നവരുടെ ഉപജീവനത്തെ അനധികൃത വഴിയോരക്കച്ചവടം പ്രതികൂലമായി ബാധിക്കുന്നതായി കമ്മീഷനിൽ ലഭിച്ച രേഖകളിൽ നിന്നും മനസിലാക്കിയതായി ഉത്തരവിൽ പറഞ്ഞു. അർഹതയില്ലാത്തവർ കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വിലയിരുത്തി.