ഉത്തർപ്രദേശിലെ കാൺപൂരിൽ വിവാഹ സൽക്കാരത്തിനിടെ പോലീസുമായി എത്തിയ യുവതി വരനെതിരെ രംഗത്തുവന്നത് വലിയ ബഹളത്തിന് കാരണമായി.
ആദ്യഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിച്ചതിനെ തുടർന്നാണ് ചാമൻഗഞ്ച് സ്വദേശിനിയായ സഹാന ഹസൻ പോലീസിനെയും കൂട്ടി വിവാഹവേദിയിലെത്തിയത്.
2022-ൽ പ്രണയിച്ചു വിവാഹിതരായ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
അതിനിടെ ഭർത്താവ് ആസിഫ് മുഹമ്മദ് രഹസ്യമായി രണ്ടാമതും വിവാഹിതനായ വിവരമറിഞ്ഞ സഹാന വേദിയിലെത്തി നവവധുവിനെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
സംഭവം കൈവിട്ടുപോയതോടെ സ്ഥലംവിടാൻ ശ്രമിച്ച വരനെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ ഉടൻ പോലീസിനെയും കൂട്ടി സംഭവസ്ഥലത്തെത്തിയ സഹാന, നവവധുവും അതിഥികളും നോക്കിനിൽക്കെ വേദിയിലേക്ക് കയറിച്ചെന്ന് വധുവിനെ നേരിട്ട് ചോദ്യം ചെയ്തു.
താൻ ആസിഫിന്റെ ഭാര്യയാണെന്നും ഔദ്യോഗികമായി ബന്ധം വേർപെടുത്തിയിട്ടില്ലാത്തതിനാൽ ഈ വിവാഹം അംഗീകരിക്കില്ലെന്നും സഹാന ഉറക്കെ പ്രഖ്യാപിച്ചു.
പെട്ടെന്നുണ്ടായ ഈ സംഭവവികാസങ്ങളിൽ അതിഥികളും ബന്ധുക്കളും അമ്പരന്നു നിൽക്കെ, വേദിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ആസിഫിനെ പോലീസ് തടഞ്ഞു. തുടര്ന്ന് ആസിഫിനെ കസ്റ്റഡിയിലെടുത്ത പോലീസ്, നിലവിലെ കേസിന്റെയും പരാതിയുടെയും പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.