പാറ്റ്ന: ബിഹാറിലെ ബങ്കിപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെച്ചൊല്ലി കോൺഗ്രസും രാഷ്ട്രീയ ജനതാദളും (ആർജെഡി) കലഹത്തിൽ.
ആർജെഡി അധ്യക്ഷൻ കൂടിയായ തേജസ്വി യാദവിനെതിരേ കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പരസ്യമായി രംഗത്തെത്തിയതോടെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ മഹാസഖ്യം കടുത്ത പ്രതിസന്ധിയിലാണ്.
സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ തേജസ്വിക്കു താത്പര്യമില്ലെന്നും എല്ലാവരെയും ഒരുമിച്ചുനിർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നുമാണ് കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തിയത്. ബിജെപിയുമായി തേജസ്വിക്കു രഹസ്യധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
2025 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം ഈ രഹസ്യധാരണയാണ്. ബങ്കിപുർ ഉപതെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കുമെന്നും അസിത് നാഥ് തിവാരി ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പിൽ രേഖ ഗുപ്തയെ ആർജെഡി സ്ഥാനാർഥിയാക്കിയതാണ് അഭിപ്രായ വ്യത്യാസതിനു തുടക്കംകുറിച്ചത്. മുന്നണിയിൽ ആലോചിക്കാതെ ഏകപക്ഷീയമായാണു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
ബങ്കിപുർ സീറ്റിൽ ആർജെഡി ഒരിക്കൽപ്പോലും വിജയിച്ചിട്ടില്ലെന്നും പാറ്റ്ന വെസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഘട്ടത്തിൽ മൂന്നുതവണ കോൺഗ്രസ് വിജയിച്ചിരുന്നുവെന്നും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
എന്നാൽ 2025 തെരഞ്ഞെടുപ്പിൽ ആർജെഡി മത്സരിപ്പിച്ചത് രേഖാഗുപ്തയെത്തന്നെ ആയിരുന്നുവെന്ന് തേജസ്വി ക്യാന്പ് പറയുന്നത്.