മാവേലിക്കര: മഹാത്മാഗാന്ധിയുടെ പതിനായിരം പ്രതിമകൾ സ്ഥാപിച്ച് പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജു ജോസഫിന് വീണ്ടും യുആർഎഫ് വേൾഡ് റിക്കാർഡ്. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിൽനിന്നും പുരസ്കാരം ബിജു ഏറ്റുവാങ്ങി. 2022ൽ 2507 പ്രതിമകളുമായി വേൾഡ് റിക്കാർഡ് ലഭിച്ചിരുന്നു. സ്വന്തം റിക്കാർഡ് മറികടന്നാണ് പതിനായിരത്തിന്റെ ഈനേട്ടം.
ലോക സമാധാന സന്ദേശം ഗാന്ധി പ്രതിമകൾ സ്ഥാപിച്ച് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ ഏഴു സ്റ്റേറ്റുകളിലും മെക്സികോ, ഇസ്രയേൽ, മിഡിൽ ഈസ്റ്റ്, ലക്ഷദ്വീപ്, ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിലും കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒരടി, രണ്ടര അടി, മൂന്നടി, ഒന്നര അടി, ആറടി ഉയരങ്ങളിലുള്ള പ്രതിമകളും ഒപ്പും സബർമതി ആശ്രമത്തിലെ മണ്ണും പ്രദർശിപ്പിച്ച് സ്ഥാപിച്ചിട്ടുണ്ട്.
കളക്ടറേറ്റുകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആദിവാസി മേഖലകൾ, പോലീസ് സ്റ്റേഷനുകൾ, കോടതികൾ തുടങ്ങിയവയിലും ഗാന്ധി പ്രതിമകൾ സ്ഥാപിച്ചു. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഗാന്ധി പ്രതിമയും സബർമതിയിലെ മണ്ണും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ബിജു ജോസഫ്.