മലയാള സിനിമയിലെ ത്രില്ലറുകളുടെ അമരക്കാരൻ ജീത്തു ജോസഫ് ബിജു മേനോനെയും ജോജു ജോർജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'വലതു വശത്തെ കള്ളൻ' എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.
ജനുവരി 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ബിജു മേനോൻ സിഐ ആന്റണി സേവ്യറായും ജോജു ജോർജ് സാമുവൽ ജോസഫ് എന്ന കഥാപാത്രമായും എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
'മുറിവേറ്റ ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ്ലൈനോടെ എത്തുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സാമുവൽ ജോസഫിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളിലേക്ക് ആന്റണി സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥൻ വലിച്ചിഴയ്ക്കപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയമെന്നാണ് സൂചനകൾ.
ഡിനു തോമസ് ഈലൻ തിരക്കഥയൊരുക്കിയ ഈ ചിത്രം 'കൂദാശ' എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷം അദ്ദേഹം രചിക്കുന്ന ചിത്രം കൂടിയാണ്.
ഷാജി നടേശന്റെ നേതൃത്വത്തിൽ ആഗസ്റ്റ് സിനിമയും ബെഡ്ടൈം സ്റ്റോറീസും സിനിഹോളിക്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാമപ്രസാദ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിന്റെ സംഗീതവും സിനിമയ്ക്ക് കരുത്തേകും.