ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്ത നടപടിയിൽ വിശദീകരണവുമായി ബിക്കാനീർ ഹൗസ് അധികൃതർ.
റൈഹാന്റെ ‘നോ ഐഡിയ ഈസ് ഫൈനൽ’എന്ന ഫോട്ടോ എക്സിബിഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. ഡൽഹിയിലെ യുവജന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമായതിനാലാണ് അവ നീക്കാൻ ആവശ്യപ്പെട്ടതെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
ദേശീയ തലസ്ഥാനത്തെ യുവജന പ്രതിഷേധങ്ങൾ പകർത്തിയ ചിത്രങ്ങൾ ഉൾപ്പടെ പ്രദർശനത്തിലുണ്ടായിരുന്ന 105 ചിത്രങ്ങളിൽ 70ഓളവും നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതായി റൈഹാൻ പറഞ്ഞു.
ദേശീയപതാകയുമായി ബന്ധപ്പെട്ട രണ്ടു ചിത്രങ്ങളും നീക്കാൻ നിർദേശിച്ചെങ്കിലും താൻ അതിനു തയാറായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.