ന്യൂഡൽഹി: മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺന്റെ പെരുമാറ്റത്തെ വിമർശിച്ച് സോണിയ ഗാന്ധി. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് ക്ലിന്റനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. 2000ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് സോണിയ പുസ്തകത്തിൽ വിമർശിക്കുന്നത്.
തന്റെ ആദ്യ കുഞ്ഞിന്റെ ഓർമ്മയും സോണിയ ഗാന്ധി പുസ്തകത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 1969ൽ ജനിച്ച തന്റെ ആദ്യ കുഞ്ഞ് ഒരു ദിവസത്തിന് ശേഷം മരിച്ചുവെന്നും മെഹ്റോളിയിലെ ഫാം ഹൗസിലാണ് സംസ്കരിച്ചതെന്നും അവർ വേദനയോടെ ഓർക്കുന്നു.
കൂടാതെ നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും താനോ രാഹുൽ ഗാന്ധിയോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അവർ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മരുമകൻ റോബർട്ട് വദ്രയെ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നും പുസ്തകത്തിലുണ്ട്.