തൃശൂർ: കോർപറേഷൻ ശക്തൻ നഗറിൽ സ്ഥാപിക്കുന്ന ബയോ സിഎൻജി പ്ലാന്റിന്റെ കമ്മിഷനിംഗും ട്രയൽ റണ്ണും കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മേയർ ഡോ. നിജി ജസ്റ്റിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ പ്രതിനിധിസംഘം കർണാടകയിലെ കൽബുർഗിയിലുള്ള രുദ്രാക്ഷ് ബയോ സിഎൻജി പ്ലാന്റ് സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ടി.ആർ. സന്തോഷ്, ഷീന ചന്ദ്രൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ജൈവമാലിന്യത്തിൽനിന്നു കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, പ്ലാന്റിന്റെ പ്രവർത്തനരീതി, മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഗ്യാസ് ഉത്പാദനം, സംഭരണം, വിതരണം എന്നിവ നേരിട്ടു മനസിലാക്കുന്നതിനും പ്രവർത്തനാനുഭവങ്ങൾ വിലയിരുത്തുന്നതിനുമായിരുന്നു സന്ദർശനം.
നഗരത്തിലെ ഹോട്ടലുകൾ, മാർക്കറ്റുകൾ, വീടുകൾ, ഫ്ലാറ്റുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു ശേഖരിക്കുന്ന ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസ്, ജൈവവളം, ദ്രവവളം എന്നിവ ഉത്പാദിപ്പിക്കുകയാണു ശക്തൻ നഗറിലെ പ്ലാന്റിന്റെ പ്രധാന ലക്ഷ്യം. പ്രതിദിനം 30 ടണ്‍ ജൈവമാലിന്യം സംസ്കരിക്കാൻ ശേ ഷിയുള്ള ഈ പ്ലാന്റ് നഗരത്തിലെ മാലിന്യസംസ്കരണരംഗത്ത് വലിയ മാറ്റത്തിനു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.