വാഷിംഗ്ടൺ ഡിസി: ഇറാനിൽ ആക്രമണം പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത വർഷമേ ഉണ്ടാകൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. മാധ്യമങ്ങൾക്കു നല്കിയ വിവിധ അഭിമുഖങ്ങളിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞു. ഇറാൻ രാസ-ജൈവായുധം വികസിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കാമെന്നും ട്രംപ് സൂചിപ്പിച്ചു.
നവംബർ മൂന്നിലെ അമേരിക്കൻ മിഡ്ടേം തെരഞ്ഞെടുപ്പിനുശേഷം ഇറാനിൽ ആക്രമണം പുനരാരംഭിക്കുമെന്നാണു ട്രംപ് മുന്പ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി തോറ്റന്പി. കോൺഗ്രസിലെ ഇരുസഭകളിലും പാർട്ടിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടു.
നമുക്ക് ആവശ്യത്തിനു സമയമുണ്ടെന്നും അടുത്ത വർഷം ആരംഭിച്ചശേഷം ഇറാനെ ആക്രമിക്കുന്ന കാര്യം പറയാമെന്നുമാണ് ഒരഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. ജനുവരി ഒന്നിനുശേഷം എന്തു സംഭവിക്കുമെന്നു നോക്കാമെന്ന് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു. ഇറാന്റെ കാര്യത്തിൽ തിടുക്കത്തിലെന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ ആണവപദ്ധതികൾ നശിച്ചതായി ട്രംപ് അവകാശപ്പെട്ടു. അണ്വായുധം സ്വന്തമാക്കാനുള്ള ശേഷി ഇറാന് ഇല്ലാതായി. ഈ സാഹചര്യത്തിൽ ജൈവായുധം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കു നേർക്ക് ഇറാൻ രാസായുധം പ്രയോഗിച്ചേക്കുമെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ കരുതുന്നതായി അമേരിക്കൻ മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.